ആശങ്കയും പ്രതീക്ഷയും; മുസ്ലിംകളുടെ നല്ല കാലം.




ഈ ചിത്രം നേരത്തെ ചർച്ചയായത് കൊണ്ട് അതുമായി ബന്ധപ്പെട്ട രാഷ്ട്രീയം കൂടി ചേർത്ത് പറയേണ്ടതുണ്ട്, ഈ ഫോട്ടോ മാത്രമല്ല, ജമാഅത്തെ ഇസ്ലാമി ഉൾപ്പടെ സംഘപരിവാറുമായി ഏതെങ്കിലും തരത്തിൽ ചർച്ചകൾ നടത്തുന്നവരെ വലിച്ച് കീറുന്ന മതേതര ജാഗ്രതക്കാർ നമ്മുടെ ചുറ്റുമുണ്ട്. പക്ഷെ നിങ്ങൾ നോക്കൂ... സംഘപരിവാർ ജാനാധിപത്യ ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രസ്ഥാനമാണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടാകും എന്ന് തോന്നുന്നില്ല. പക്ഷെ കേരളത്തിലെ ഹിന്ദു സമുദായ നേതാക്കൾ വെള്ളാപ്പള്ളിയും സുകുമാരൻ നായരും അടക്കമുള്ളവർ സംഘപരിവാറിന്റെ തോളിൽ കയ്യിട്ട് നടക്കുന്നത് കാണുമ്പോൾ മതേതര ജാഗ്രതക്കാർക്ക് എന്തെങ്കിലും അസ്കിത തോന്നുന്നുണ്ടോ? ബിഷപ്പുമാർ സംഘപരിവാറിനെ സുഖിപ്പിച്ച് കാര്യം സാധിക്കുന്നത് കാണുമ്പോൾ ആർക്കെങ്കിലും അസ്വസ്ഥതയുണ്ടോ? സംഘപരിവവർ വിരുദ്ധതയുടെ അപ്പോസ്തലന്മാരായി അറിയപ്പെടുന്ന കമ്മ്യുണിസ്റ്റ്കാർ രഹസ്യമായും പരസ്യമായും സംഘപരിവാറിനോട് ചേർന്ന് നിൽക്കുന്നത് ഏതെങ്കിലും മതേതര ജാഗ്രതക്കാരെ അലോസരപ്പെടുത്തുന്നുണ്ടോ? ഇല്ല പകരം മതേതര ബോധം കരകവിഞ്ഞൊഴുകുന്നത് മുസ്ലിം സംഘടനകൾ സംഘപരിവാറുമായി ചർച്ച നടത്തുമ്പോഴാണ്. ഇതിൽ ഒരു ദുഷ്ടലാക്കുണ്ട്‌, മുസ്ലിംകളെ മുന്നിൽ നിർത്തി പരമാവധി പണി വാങ്ങിക്കൊടുക്കുക എന്ന ദുഷ്ടലാക്ക്. 


സംഘപരിവാറിനോട് സ്വീകരിക്കേണ്ട നിലപാടിൽ മുസ്ലിം സമുദായം നേതൃത്വം മാറ്റം വരുത്തേണ്ടതുണ്ട്, പലരും ആ മാറ്റം വരുത്തിയിട്ടുണ്ട്, കാൻസർ വരാതെ നോക്കുക എന്ന ഉത്തരവാദിത്തത്തിൽ പരാജയപ്പെട്ട് ക്യാൻസർ പിടികൂടി കഴിഞ്ഞാൽ പിന്നെ ആത്മഹത്യ ചെയ്യുകയല്ല, ക്യാൻസറിനൊപ്പം ജീവിക്കുക എന്നതാണ് വഴി. സംഘപരിവാർ അധികാരത്തിൽ വരാതെ നോക്കാനുള്ള ഉത്തരവാദിത്തമുള്ളവർ ദയനീയമായി പരാജയപ്പെട്ടത് കൊണ്ടാണ് അവർ അധികാരത്തിൽ വന്നത്, അവർ പെട്ടെന്നൊന്നും ഇറങ്ങിപ്പോകും എന്ന് കരുതാൻ ന്യായമില്ല. കാരണം അവർ കയറി വന്നതും നിലനിൽക്കുന്നതും ജനാധിപത്യ മാർഗ്ഗത്തിലല്ല. തെരെഞ്ഞെടുപ്പ് വരുമ്പോഴുള്ള ആവേശത്തിനപ്പുറം സംഘപരിവാർ വിരുദ്ധതയൊന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും നിലനിൽക്കുന്നില്ല. ഇന്നും രാജ്യത്തെ ഭൂരിപക്ഷം മനുഷ്യരും ഹിന്ദുത്വ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരല്ല, രാജ്യ ശരീരത്തിൽ അവർ കയറ്റിവിട്ട വർഗീയതയെ പുറന്തള്ളാതെ ഇന്ത്യയെ തിരിച്ച പിടിക്കുക സാധ്യമല്ല, അതാവട്ടെ മുസ്ലിംകൾ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യവുമല്ല. രാഷ്ട്രീയമായി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുമ്പോൾ തന്നെ അധികാരത്തിലിരിക്കുന്ന സംഘപരിവാറിനോട് നീക്കുപോക്കുകൾ നടത്തിയാണ് മുസ്ലിംകൾ മുന്നോട്ട് പോകേണ്ടത്. ബീഫിന്റെ പേരിൽ തല്ലിക്കൊല്ലലും പള്ളിപൊളിക്കലും, നിരപരാധികളുടെ അറസ്റ്റും എല്ലാം അവർ തുടരും. എല്ലാവരും തെരുവിലിറങ്ങി ഇതിനൊക്കെ ഒരു തീരുമാനമുണ്ടാക്കിയിട്ട് മതി മറ്റുകാര്യങ്ങൾ എന്നതല്ല പ്രായോഗീക സമീപനം , കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിയിൽ മുന്നോട്ട് പോകണം. അതിനാവശ്യമായ ചർച്ചകളും നിലപാടുകളും എടുക്കണം. 


വംശഹത്യാ പദ്ധതികൾ സംഘ്പരിവാറിനുണ്ട് എന്നത് യാഥാർഥ്യമാണ് എന്ന് തന്നെ കരുതുക. അവർ എത്രപേരെ കൊല്ലും? എത്രപേരെ ജയിലിലടക്കും? മുപ്പത് കോടിയോളം മുസ്ലിംകളുണ്ട് ഇന്ത്യയിൽ. ഹിന്ദുത്വക്ക് മുസ്ലിംകൾ എങ്ങനെ ശത്രുക്കളാണോ അത് പോലെ ശത്രുക്കളാണ് അവർണ്ണ ഹിന്ദുക്കളും ക്രിസ്ത്യാനികളും, ഒരു പക്ഷെ മുസ്ലിംകളോട് ഉള്ളതിനേക്കാൾ വെറുപ്പ് ഹിന്ദുത്വക്ക് അവർണ്ണ ജനതയോടുണ്ട്. കേരളത്തിൽ നടന്ന വൈക്കം സത്യാഗ്രഹം ഓർമ്മയുണ്ടല്ലോ, ക്ഷേത്രത്തിന് സമീപത്തെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും നടക്കുന്ന വഴിയിലൂടെ ഈഴവരുൾപ്പടെ അവർണ്ണ ജാതിക്കാർക്ക് നടക്കാൻ സ്വാതന്ത്ര്യം ആവശ്യപ്പെട്ടായിരുന്നു ആ സമരം. ആ ജാതി മനോഭാവമൊക്കെ സവർണ്ണ ഹിന്ദുക്കൾ വിട്ടു എന്ന് കരുതുന്നവർ ഇന്നത്തെ പത്രത്തിൽ കൂടൽ മാണിക്യം ക്ഷേത്രത്തിലെ ഈഴവ തന്ത്രിക്കെതിരെ സവർണ്ണരുടെ നിലപാടിനെക്കുറിച്ചുള്ള വാർത്ത വായിച്ചാൽ മതി. 



അവർണ്ണ ജാതിക്കാരുടെ രാഷ്ട്രീയ ബോധമില്ലായ്മയെയാണ് ബ്രാഹ്മണ്യം നൂറ്റാണ്ടുകളായി ഉപയോഗിച്ചുവന്നത് അത് തന്നെയാണ് ഇപ്പോഴും തുടരുന്നത്. അവർ ചിന്തിക്കുകയും തിരുത്തുകയും ചെയ്യണമെങ്കിൽ അതിനുള്ള രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ട് വരണം. അത് വരാൻ ഏറെയൊന്നും വൈകില്ല. കാരണം സംഘപരിവാർ ഇന്ത്യ പിടിച്ചത് അവരുടെ മിടുക്കുകൊണ്ടല്ല, സ്‌കൂൾ ഡ്രോപ്പൗട്ടുകളായ നേതാക്കളെ പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന കോർപറേറ്റ് ശക്തികളുടെ ബുദ്ധിയും പിന്തുണയും കൊണ്ടാണ്. സ്വന്തം നേട്ടങ്ങൾക്കപ്പുറം രാജ്യ താല്പര്യങ്ങളൊന്നും ഇന്ത്യൻ കോപ്പർപറേറ്റുകൾക്കില്ല. രാഷ്ട്രീയക്കാരുമായി ചേർന്ന് അടിച്ചു മാറ്റുന്ന കോടികൾ അവർ വിദേശത്തും ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്, ഇവിടെ കപ്പൽ മുങ്ങാനുള്ള സാധ്യത അവരും മുന്നിൽ കാണുന്നുണ്ട്. ശ്രീലങ്കയും പാകിസ്ഥാനുമൊക്കെ നേരിടുന്നതിന് സമാനമായ പ്രതിസന്ധി ഇന്ത്യക്കുമുണ്ട്. കപ്പലിന്റെ വലിപ്പം കൊണ്ടാണ് ചെറിയ തുളകളൊന്നും വെള്ളത്തിൽ മുക്കാത്തത്. കഴിഞ്ഞ മാസം ആദ്യത്തെ ആഴ്ചയിൽ ഇന്ത്യൻ ഷെയർമാർക്കറ്റിൽ നിന്ന് ഒലിച്ച് പോയത് 26 ലക്ഷം കോടി രൂപയാണ്, ഇന്ത്യയുടെ ഒരു വർഷത്തെ ബജറ്റിന് തുല്യമായ സംഖ്യ. അമേരിക്കയുമായുള്ള നയതന്ത്ര നിലപാടുകളിൽ ലോകത്തെ കൊച്ചു രാജ്യങ്ങൾ പോലും മികച്ച സമീപനങ്ങൾ എടുക്കുമ്പോൾ, ചൈനയെപ്പോലുള്ളവർ വെല്ലുവിളികൾ ഉയർത്തുമ്പോൾ ഇന്ത്യ നാണം കെട്ട് പരുങ്ങുന്നത് കണ്ടില്ലേ, ഈ രാജ്യത്തെ കൂടുതൽ കാലം മുന്നോട്ട് കൊണ്ട് പോകാനുള്ള ശേഷിയൊന്നും സംഘപരിവാറിനില്ല.             


പറഞ്ഞു വന്നത്, മുസ്ലിം സമുദായത്തിന് മുന്നിൽ നിലനിൽക്കുന്ന രാഷ്ട്രീയ ആശങ്കകളിൽ നിന്ന് രൂപപ്പെട്ട ജാഗ്രത സാമൂഹ്യ വിദ്യാഭ്യാസ മേഖലയിൽ മുന്നേറാനുള്ള ഇന്ധനമാണ്, നമ്മൾ ഇന്നലെകളിൽ പറഞ്ഞു വന്ന രാഷ്ട്രീയം ശരിയാണ് എന്നാൽ ഇന്നുകളിൽ അതിനേക്കാൾ വലിയ ചില ശരികളുണ്ട്.                              

Zubair Hudawi മുതൽ PT Muhammed വരെ പുലിമടയിൽ പ്രവർത്തിക്കുന്ന സമുദായം ശ്രദ്ധിക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യേണ്ട നിരവധി പേരുണ്ട്. 


ഇന്ന മഅൽ യുസ്‌രി യുസ്‌റാ...


-antifa.

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.