പെരിന്തൽമണ്ണയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച എത്ര യുവ നേതാക്കളുടെ വാളുകളിൽ ബിന്ദു പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്ന് നോക്കൂ, നമ്മുടെ വംശീയ ബോധത്തിൻറെ ആഴം മനസ്സിലാകും.

 രണ്ട് പോലീസ് അതിക്രമങ്ങളും നമ്മളും…


പോലീസ് അതിക്രമങ്ങൾ കേരളത്തിൽ പുതുമയുള്ള വിഷയമല്ല. പക്ഷേ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട രണ്ട് പോലീസ് അതിക്രമങ്ങൾ പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്.
ഒന്ന്) പെരിന്തൽമണ്ണയിൽ വിസ്ഡം മുജാഹിദ് നടത്തിയ ലഹരി വിരുദ്ധ സമ്മേളനത്തിലേക്ക് കടന്നു ചെന്ന് പോലീസ് കാണിച്ച പരാക്രമം. സൗമ്യതയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയത്തിൽ പോലീസ് പരിധിവിട്ട് പെരുമാറിയതാണ് വിഷയം. മുസ്ലിം സമുദായത്തോട് കേരള പോലീസിന്റെ സമീപനത്തിലുള്ള ചിറ്റമ്മ നയമാണ് വിഷയം കത്തിപ്പിടിക്കാൻ കാരണമായത്, കൂട്ടത്തിൽ ആ പോലീസുകാരൻറെ ഇളിയും.
രണ്ട്) പേരൂർക്കട പോലീസ് സ്റ്റേഷനിൽ ബിന്ദു എന്ന ദലിത് സ്ത്രീയോട് പോലീസ് കാണിച്ച അതിക്രമം. അവർ പാർട്ട് ടൈമായി ജോലി ചെയ്തിരുന്ന വീട്ടിലെ സ്വർണ്ണം കാണാതെ പോയതിനെ തുടർന്ന് വീട്ടുടമ കൊടുത്ത പരാതിയിൽ നെടുമങ്ങാട് പനയമുട്ടം സ്വദേശി ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദ്ദിച്ചു കുടിക്കാൻ പച്ചവെള്ളം പോലും കൊടുത്തില്ല. താൻ മോഷ്ടിച്ചിട്ടില്ല എന്ന് ബിന്ദു കരഞ്ഞു പറഞ്ഞിട്ടും പൊലീസ് ചെവി കൊണ്ടില്ല.
ഓർക്കണം പരാതിക്കാരിയും ഒരു സ്ത്രീയാണ്. മോഷ്ടിച്ചത് ബിന്ദുവാണ് എന്ന് അവർ പറഞ്ഞത് പോലീസിന് വിശ്വാസമായി ബിന്ദു പറഞ്ഞത് പക്ഷേ പോലീസിന് വിശ്വാസമായില്ല. ആ രണ്ട് സ്ത്രീകളും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ, ജാതി. വീട്ടിൽ നിന്ന് സ്വർണ്ണം കണ്ട് കിട്ടിയ കാര്യം ജാതിയിൽ കൂടിയ സ്ത്രീ പൊലീസിനെ വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ജാതിയിൽ കുറഞ്ഞ സ്ത്രീ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ ചെയ്യാത്ത കുറ്റത്തിന് ബിന്ദു ജയിലിലാകുമായിരുന്നു.
വേഷം കണ്ടാൽ അക്രമികളെ തിരിച്ചറിയുന്ന പ്രധാനമന്ത്രിയുള്ള നാടാണ്, തൊലി നിറം കണ്ടാൽ കുറ്റവാളിയെ തിരിച്ചറിയുന്ന പോലീസുകാർ ഈ നാട്ടിൽ ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല.
പക്ഷേ നമ്മളോ? ചെയ്യാത്ത തെറ്റിന് ക്രൂരമായ പീഡനത്തിന് ഇരയായ ബിന്ദുവിനെ എത്രപേർ അറിഞ്ഞിട്ടുണ്ട്? ഇസ്ലാമോഫോബിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ വെള്ളവും വളവും കൊടുത്ത് വളർത്തിയെടുക്കുന്നതാണ്, ദലിത് ഫോബിയ പക്ഷേ കേരളീയ പൊതു ബോധത്തിൽ അന്തർലീനമാണ്.
ഒരു മോഷണം നടന്നാൽ തൊട്ടടുത്തുള്ള തൊലി കറുത്തവനെ സംശയിക്കുന്ന വാർത്ത അമേരിക്കയിൽ നിന്ന് കേട്ടാൽ വംശീയതയായി തോന്നുകയും കേരളത്തിൽ നിന്ന് കേട്ടാൽ ഒന്നും തോന്നാതിരിക്കുകയും ചെയ്യുന്നതാണ് മലയാളി പൊതു ബോധം,
അതിന്റെ ഇരയാണ് ബിന്ദു. ഇതേ പൊതു ബോധത്തിന്റെ ചെലവിൽ ലോക്കപ്പിൽ തല്ലിക്കൊല്ലപ്പെട്ടവരുണ്ട്, നടു റോഡിൽ അപമാനിക്കപ്പെട്ട പ്രായപൂർത്തിപോലുമാകാത്ത കുട്ടികളുണ്ട്. അവർക്കൊന്നും കിട്ടാത്ത നീതി ബിന്ദുവിനെ തേടി വരില്ല, അങ്ങനെയൊരാവശ്യം പോലും ഉയരില്ല.
പെരിന്തൽമണ്ണയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച എത്ര യുവ നേതാക്കളുടെ വാളുകളിൽ ബിന്ദു പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്ന് നോക്കൂ, നമ്മുടെ വംശീയ ബോധത്തിൻറെ ആഴം മനസ്സിലാകും.

Comments

Popular posts from this blog

സംഘപരിവാറിന് മുന്നിൽ രാജ്യസ്നേഹം തെളിയിക്കാൻ പോസ്റ്റർ അടിച്ചിറക്കുന്ന കാക്ക പുംഗവൻമാർ ഓർത്തു വെക്കേണ്ട പേരാണ് മുഹമ്മദ് സനാഉല്ല,

പാക്കിസ്ഥാനെ തറ പറ്റിച്ച് ഇന്ത്യക്ക് വേണ്ടി യുദ്ധം ജയിച്ച ജീക്ക് അഭിവാദ്യങ്ങൾ.

എന്തൊക്കെ കോണോത്തിലെ നിയമമാണ് ഈ നാട്ടിൽ?